2012, ജനുവരി 26, വ്യാഴാഴ്‌ച

മഴ


അവള്‍ സ്വപ്നം കാണുകയായിരുന്നു.നരച്ച ചില്ലുവാതിലുകള്‍ക്ക് പുറത്തു മഴ പെയ്തൊഴിയുകയാണ് .ഉച്ചസ്ഥായിയില്‍ തുടങ്ങി നേര്‍ത്തു നേര്‍ത്തു വരുന്ന സംഗീതം പോലെ.മഴ പ്രകൃതിയുടെ കവിതയാണെന്ന് അവള്‍ ഓര്‍ത്തു.
                         വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ഒരു മഴക്കാലത്താണ് അവള്‍ അവനെ കണ്ടുമുട്ടിയത്‌.ഇടവപ്പാതിയിലെ ഒരു സന്ധ്യക്ക് കുടയില്ലാതതിനാല്‍ പട്ടണത്തില്‍ പുതുമഴ തോരുവാന്‍ കാത്തുനിന്ന നേരത്ത് ഇലഞ്ഞി പൂവിന്റെ ഗന്ധവുമായി അവളുടെ മുന്‍പില്‍ നിന്നവന്‍.അവന്റെ അധരത്തില്‍ നിന്നും ഉതിര്‍ന്ന കുസൃതി നിറഞ്ഞ ആ പുഞ്ചിരി അവള്‍ കണ്ടിട്ടും കാണാത്തപോലെ നടിച്ചു.പിന്നീട് എന്തുകൊണ്ടോ ആ മയില്‍‌പീലി കണ്ണുകള്‍ അവളെ ആണ് തിരയുന്നത് എന്ന ഒരു തോന്നല്‍ അവളില്‍ ഉണ്ടായി.പിന്നെ അവള്‍ അവനെ കണ്ടതു സിമിത്തേരിയില്‍ വച്ചായിരുന്നു ചാരുബഞ്ചില്‍ ഇരുന്നു കൊണ്ടു ചാറ്റല്‍മഴയുടെ സുഖം അനുഭവിച്ചു ഏതോ ചിന്തയില്‍ മുഴുകി ഇരിക്കുന്ന അവനെ കണ്ടപ്പോള്‍ അവള്‍ക്കു സന്തോഷം തോന്നി.പിന്നീട് ഒരുനാള്‍ മഴ നനഞ്ഞു വന്നപ്പോള്‍ നോക്കിനിന്ന അവനെ കണ്ടപ്പോള്‍ തന്നില്‍ ഒരു ലജ്ജ സംജാതമാകുന്നത് അവള്‍ അറിഞ്ഞു.
                        പിന്നെ അവള്‍ക്കു വേണ്ടിയായി അവന്റെ വരവുകള്‍.മഴ ഉള്ളപ്പോള്‍ മാത്രമാണ് അവര്‍ കണ്ടുമുട്ടിയത്‌ .മഴയെ കുറിച്ചാണ് അവര്‍ സംസാരിച്ചത് .ഒരു തോരാമഴയത്ത് നിന്ന് കൊണ്ടാണ് " നീ എന്റെ ജീവന്‍ " എന്ന് അവന്‍ അവളുടെ കാതില്‍ മൊഴിഞ്ഞത്.കാലം ഏറെ കഴിഞ്ഞപ്പോള്‍ അവന്‍ തന്റെ പ്രാണനായികയെ സ്വന്തമാക്കിയതും ഒരു മഴകാലത്താണ്.മഴയുടെ അകമ്പടിയോടെയാണ് അവര്‍ ഒന്നായി ചേര്‍ന്നത്‌ .മഴ ഒരു രഹസ്യമാണെന്ന് അവന്‍ പറയുമായിരുന്നു.മനസിന്റെ മന്ത്രണമായ മഴ കണ്ണിലേക്കു അയച്ച ഒരു നോട്ടമാണ് അവനെ അവളുടെ കാമുകന്‍ ആക്കിയതെന്നു അവന്‍ പറയുമായിരുന്നു. .മഴയില്‍ കണ്ടുമുട്ടി,മഴയില്‍ ഒന്നുചേര്‍ന്ന്,മഴയില്‍ തന്നെ അവന്‍ വേര്‍പിരിഞ്ഞു.അവന്റെ പ്രണയിനി ആയ മഴ , അവനെ മറ്റാരും കടന്നു ചെല്ലാത്ത ഒരു പൂങ്കാവനത്തിലേക്ക് സല്ലാപത്തിനായി കൂട്ടി കൊണ്ടുപോയതാണോ ? അറിയില്ല.

                        അവള്‍ സ്വപ്നം കാണുകയായിരുന്നു.അവര്‍ ചെറുമഴതുള്ളികളായി ഭൂമിയില്‍ വീണലിയുന്നു.ഉറക്കം തന്റെ കണ്‍പോളകളെ തഴുകുന്നത് അവള്‍ അറിഞ്ഞു.ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിലേക്കു സുന്ദരസ്വപ്നവുമായി അവള്‍ ഊളിയിട്ടു..

                       അപ്പോഴും പുറത്തു മഴ ആടിത്തിമര്‍ക്കുകയായിരുന്നു.ശിവന്റെ സംഹാരനൃത്തം പോലെ...

7 അഭിപ്രായങ്ങൾ:

  1. ‘ഒരു പ്രണയത്തിന്റെ മഴയിൽ ലയിച്ചുചേർന്ന പര്യവസാനം...’ ‘പ്രാണനായകനെ സ്വന്തമാക്കി’ എന്നു പറഞ്ഞശേഷം പിന്നെയും ‘...ഒരു നോട്ടമാണ് അവനെ കാമുകനാക്കിയത്....’ എന്നു തുടരുന്നു. ശ്രദ്ധിക്കുമല്ലോ. നല്ല മധുരപ്രണയത്തിന്റെ ആശയം.....അനുമോദനങ്ങൾ....

    മറുപടിഇല്ലാതാക്കൂ
  2. വി.എ: നന്ദി മാഷെ..ഞാന്‍ അത് തിരുത്തിയിട്ടുണ്ട് .

    മറുപടിഇല്ലാതാക്കൂ
  3. മഴയില്‍ കുതിരുന്ന പ്രണയത്തിന് ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  4. സെമിത്തേരിയില്‍ പ്രണയം ...കൊള്ളാം.. സ്വപ്നം

    മറുപടിഇല്ലാതാക്കൂ
  5. അക്ഷി ;നന്നായിടുണ്ട് ഇനിയും എഴുതുക.... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ജാലകത്തിലൂടെ വന്നതാണ്‌.. മഴ ഒരാവേശമായത് കൊണ്ട്..

    മറുപടിഇല്ലാതാക്കൂ
  7. സ്വപ്നം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ

നന്ദി സുഹൃത്തേ.തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താന്‍ നിങ്ങളുടെ വിലപെട്ട അഭിപ്രായം കൊണ്ട് കഴിയും എന്നു കരുതുന്നു ....